Thursday, May 26, 2011

ഒരു ദിനാദ്യക്കുറിപ്പ്

വാര്‍ക്കാന്‍ വെച്ച അരിക്കലത്തില്‍ നിന്ന് തെറിച്ചു വീണ ഒരു വറ്റ് അവളോട് ചോദിച്ചു, "എന്തേ ഇപ്പൊ എഴുത്തൊന്നൂല്യേ?" വന്ന ദേഷ്യം പല്ലുകള്‍ക്കിടയില്‍ കടിച്ചമര്‍ത്തി അവള്‍ പറഞ്ഞു. "ഉവ്വല്ലോ. ദേ, ഇപ്പഴും കൂടി ഒരു കവിത എഴുതിയതാ. പക്ഷെ അത് ബാക്കി ചോറിന്റെ കൂടെ വെന്തുപോയി. വിളമ്പുമ്പോ ആര്‍ക്കൊക്കെയാണവോ ആ കവിതേടെ കഷണങ്ങള്‍ കിട്ടാ? ദഹിക്കുമോ ആവോ?"
അപ്പോള്‍ ചോറിന്‍ വറ്റ് പറഞ്ഞു: "ഉവ്വോ? ഞാനറിഞ്ഞില്ല. ഞാന്‍ മുകളില്‍ കിടന്നു തിളച്ചതോണ്ട് അടിയില്‍ നടന്നതൊന്നും അറിഞ്ഞില്ല. കൂടുതല്‍ വര്‍ത്തമാനത്തിനു നില്ക്കാതെ അവള്‍ ആ വറ്റിനെ അടുക്കളയുടെ ജനാലയിലൂടെ പുറത്തേക്ക് ഒറ്റയേറ്വെച്ചുകൊടുത്തു. "അവിടെ കിടക്ക്. നിന്റെയൊരു കവിത!"
അരി വാര്‍ക്കാന്‍ വെച്ചപ്പോഴേക്കും ഇഡ്ഡലിപ്പാത്രത്തില്‍ നിന്ന് കുമുകുമാന്ന് ആവി പൊങ്ങി. ഗ്യാസ് ഓഫ് ചെയ്ത് ഇഡ്ഡലിത്തട്ടുകള്‍ നിരത്തി വെച്ച് അവള്‍ പരന്ന സ്പൂണ്‍ എടുക്കാന്‍ പോയി. ഈ തക്കത്തിന് ഒരു ഇഡ്ഡലിക്ക് കണ്ണും മൂക്കും വായുമുണ്ടായി. സ്പൂണ്‍ കൊണ്ട് തോണ്ടിയെടുത്ത് ഇഡ്ഡലികള്‍ കാസറോളിലേക്ക് സ്ഥലം മാറ്റം കൊടുക്കുമ്ബോള്‍ വിരുതന്‍ ഇഡ്ഡലിയുടെ ചൊദ്യം : "എന്താ മുഖത്തൊരു കലിപ്പ്? കവിത ഉള്ളില്‍ കിടന്ന് വിങ്ങാ? ആര്‍ക്കെതിരെയാ ഇന്നത്തെ കവിത? ഭര്‍ത്താവിനോ ഓഫീസര്‍ക്കോ പുരുഷവര്‍ഗത്തിനോ അതോ സമൂഹത്തിനാകെയോ?" മറുപടി പറയാതെ നിഷ്കരുണം തോണ്ടിയെടുത്ത് കാസറോളിനകത്താക്കി അടച്ച് ശ്വാസം മുട്ടിച്ചു. "ആ അഹങ്കാരി ഇഡ്ഡലി അമ്മയിയമ്മയ്ക്ക് തന്നെ കിട്ടണേ" എന്നവള്‍ മനസ്സില്‍ പ്രാര്‍ഥിച്ചു.
പതിവ് പുച്ഛത്തോടെ അടുക്കളയിലെ ക്ളോക്ക് എട്ടടിച്ചു. "ഇന്നും നീയെന്നേക്കാള്‍ പിറകിലാണ്" എന്നൊരു ഭാവം. "ജയിച്ചോ ജയിച്ചോ. എന്നെങ്കിലുമൊരിക്കല്‍ ഞാനും ജയിക്കുമെന്ന്" അവളും . വെല്ലുവിളിക്ക് ആത്മവിശ്വാസം തീരെയില്ലെന്ന് ക്ളോക്കിനു പോലും മനസ്സിലായി. അവള്‍ അറിയാത്ത ഭാവം നടിച്ചു.
 ഫ്രിഡ്ജില്‍ നിന്നെടുത്ത തോരനോട് മരവിപ്പ് മാറും മുന്പെ അവള്‍ പറഞ്ഞു: "കിന്നാരം പറയാന്‍ നില്ക്കണ്ട. എനിക്ക് തീരെ സമയമില്ല." അടുപ്പിലിരുന്ന് ചൂടാവുന്നതിനിടെ തോരന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു: "അല്ലെങ്കിപ്പിന്നെ എന്നും കൊറേ സമയമുള്ളതു പോലെ."
ചൊറിഞ്ഞു വന്നെങ്കിലും അവള്‍ പ്രകടിപ്പിക്കാന്‍ നിന്നില്ല. ഇന്ന് ഇവളേയുള്ളു രക്ഷ. പെട്ടെന്ന് ചോറ്റുപാത്രങ്ങളിലേക്ക് തള്ളിയിട്ടാല്‍ ശല്യം തീര്‍ന്നല്ലോ, പോട്ടെ.
പാല്കുക്കര്‍ "എന്നെയൊന്ന് താഴെയിറക്കൂഊഊഊഊഊഊഊ.........." എന്ന് കൂകി വിളിച്ചു. ഒപ്പം അകത്തെ മുറീയില്‍ നിന്നോരലര്ച്ചയും. രണ്ടും അരോചകം. അവള്‍ ആദ്യത്തെ അരോചകത്തിന്റെ വായടച്ചു. രണ്ടാമത്തെത് തനിയെ നിന്നു.
തിരക്കിനിടയില്‍ മോരുകറിയെ വേണ്ടത്ര പരിഗണിക്കാനയില്ല. സൌന്ദര്യബോധമില്ലാതെ ഒരുക്കിയ കുട്ടിയെപ്പോലെ നിന്നു മോരുകറി. പിണക്കം മുഖത് കാണാനുണ്ട്. കവിളില്‍ നുള്ളി "പോട്ടെടീ, നാളെ ശരിയാക്കാമെന്ന്" കണ്ണിറുക്കി കാണിച്ചു അവള്.
ബ്രഷിനോട് കിന്നാരം പറയുന്ന മോനോട് മാത്രം ക്ഷമിക്കാന്‍ അവള്ക്ക് തോന്നിയില്ല. ചന്തിക്ക് രണ്ടെണ്ണം കൊടുത്ത് ബ്രഷ് കൊണ്ട് അവന്റെ വായില്‍ 'ആ' 'ജ്ജ' എന്നെഴുതി വാകഴുകിച്ച് വെള്ളം കോരി തലയിലൊഴിച്ച് മോരുകറിപോലെയാക്കി അവന്റെ പൊതിയും കൊടുത്ത് സ്കൂള്‍ ബസ്സിലേക്ക് ഉന്തിയിട്ടു. ഇനി സ്വന്തം കാര്യം സിന്ദാബാദ്.
ബാത്ത് റൂമില്‍ കയറി ഇറങ്ങുന്നത് വരെ കണക്കു കൂട്ടല്‍ തന്നെ. ചെയ്യാന്‍ മറന്നത്, ഇന്ന് ഏറ്റെടുക്കേണ്ട മലമറിക്കലികള്‍ , ഇന്നലെ മുതല്‍ കേള്ക്കുന്ന ഉത്തരവാദിത്തമില്ലായ്മാ കഥകള്‍ പാര്‍ട്ട്‌ റ്റു, ഇനി കേള്ക്കാനിരിക്കുന്ന പതിവ് ജല്പനങ്ങള്‍ ... അങ്ങനെയങ്ങനെ...
ബെഡ് റൂമിലെ ക്ളോക്കും അവളെ പറ്റിച്ചു. ഇനി രക്ഷയില്ല. കിടക്കപ്പായില്‍ നിന്ന് കുത്തിയെണീപ്പിച്ച് രണ്ട് കിലോമീറ്റര്‍ അപ്പുറത്തെ ബസ് സ്റ്റോപ്പ് വരെ കൊണ്ടുവിടാന്‍ പറഞ്ഞേ പറ്റൂ. എണീറ്റ് മുറ്റം വരെ നടന്ന്, തിരിച്ചു വന്ന്, കുറച്ചു നേരം ഇരുന്ന്, കാപ്പി കുടിച്ച്, തല ചൊറിഞ്ഞ്, ഷറ്ട്ട് മാറ്റി, വണ്ടി സ്റ്റാറ്ട്ടാക്കി... 'ഈശ്വരാ..... എന്നാണോ ഒരു മിനിറ്റിന്റെ വില ഈ മനുഷ്യന്‍ മനസ്സിലാക്കുക?'
 കുറ്റപ്പെടുത്തലിന്റെ കീ തിരിച്ച് വണ്ടി സ്റ്റാറ്ട്ടാക്കി. ഇനി രണ്ട് കിലോമീറ്റര്‍ നീളമുള്ള പരാതി. "കുറച്ച് നേരത്തേ എഴുന്നേറ്റാല്‍ എന്താ കുഴപ്പം ? പാതിരാത്രി വരെ വെറുതെ കുത്തിപ്പിടിച്ചിരിക്കും . രാവിലെ വൈകി എണീറ്റിട്ട് പിന്നൊരു പരക്കം പാച്ചില്‍ . ആരെ കാണിക്കാനാണാവോ? എന്നും ഇങ്ങനെ കൊണ്ടുവിടാന്‍ നിന്റെ അപ്പനല്ല പെട്രോളടിച്ച് തരുന്നത്?"
ഓടിത്തുടങ്ങിയ ബസിനെ ഓടിച്ചിട്ട് പിടിച്ച് കയറുമ്പോള്‍ തോളില്‍ നിന്ന് ഊറ്ന്നു വീണ ബാഗിനെ ഒന്ന് കയറ്റിയിട്ടു. പുതിയ ബാഗാണെയ്. "പേടിക്കണ്ടാ ട്ടോ. ഇതൊന്നും വഴക്കല്ല ട്ടോ. അവന്റെ ബൈക്കിന്റെ തന്നെ ഒരു ശബ്ദം മാത്രാ. നീ പുതിയതായതോണ്ട് നിനക്ക് വഴക്കായി തോന്നിയതാ. രണ്ടു ദിവസം കൊണ്ട് നിനക്ക് ഒക്കെ മനസ്സിലാകും ട്ടോ." ബാഗിനെ സമാധാനിപ്പിക്കുന്നതിനിടയില്‍ കിളിയുടെ കമന്റ് കേള്ക്കാനയില്ല.
എല്ലാ ശബ്ദങ്ങള്ക്കും വിട. ഇനി ഒരു മണിക്കൂര്‍ ലോകം കീഴ്മേല്‍ മറിഞ്ഞാലും അവള്ക്ക് പ്രശ്നമല്ല. പതിവ് പോലെ കിളി തട്ടിയുണറ്ത്തും വരെ സ്വപ്നം പോലും പൂക്കാത്ത ഒരു ശൂന്യത. പിന്നത്തെ കഥ. അത് പിന്നെ പറയാം . ഇപ്പൊ ങുര്‍ .... ങുര്‍ ....

Wednesday, May 18, 2011

ചാരക്കണ്ണുള്ള സുന്ദരി

കുട്ടിക്കാലത്തെ ഓര്മകളില്‍ ഒട്ടും സുഖകരമല്ലാത്ത ചിത്രങളിലാണു ഞാന്‍ ആ കണ്ണുകള്‍ ആദ്യം കണ്ടത്. എന്നെ ഭയപ്പെടുത്തിയ രണ്ടു ചാരകണ്ണുകള്‍. പനിച്ച്ചൂടുള്ള പാതി വെന്ത സ്വപ്നങ്ങളില്‍ എവിടെ നിന്നോ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും മാഞ്ഞു പോകുകയും ചെയ്ത ഒരു ജനാലചിത്രം.

ടോണി മോറിസണ്‍ന്റെ 'നീലിമയേറിയ കണ്ണുകള്‍'ലെ പികോലയെ പോലെ ഞാനും കുഞ്ഞിലേ കൊതിച്ചിരുന്നു നിറമുള്ള കണ്ണുകള്‍. അല്ല, നിറമില്ലാത്ത ചാരകണ്ണുകള്‍.

വളര്‍ച്ചയുടെ ഓരോ പടവിലും ഞാനാദ്യം കണ്ട ചാരകണ്ണുകളെ പിന്നെ ഓര്‍ത്തതേയില്ല. ഇന്നലെ രാത്രി എന്റെ ഏകാന്ത വാസസ്ഥലത്തെ കിടപ്പുമുറിയിലെ ഒറ്റ ജാലകത്തിലൂടെ നോക്കിയപ്പോള്‍ രാത്രിമഴയിലും മിന്നല്ത്തെളിച്ചത്ത്തിലും പഴയ ചാരകണ്ണുകള്‍ പെട്ടെന്ന്  പ്രത്യക്ഷമായത് പോലെ. പണ്ടത്തെ പോലെ ഞാന്‍ കണ്ണുകള്‍ പെട്ടെന്ന്  പിന്‍വലിച്ചു. പണ്ടത്തെ പോലെ തന്നെ ഞാന്‍ ജനാലയടയ്ക്കാന്‍ ഭയന്നു. പക്ഷെ ഓടിയൊളിക്കാന്‍ പണ്ടത്തെപോലെ അമ്മത്തണലുണ്ടായില്ല.

ദിവസങ്ങളുടെ ഇടവേളയില്‍ പ്രത്യക്ഷപ്പെടാറുള്ള ഞങ്ങളുടെ 'കോട്ട പ്രാന്തി'യാണ് വെള്ളാരംകണ്ണ് കാട്ടി ആദ്യം പേടിപ്പിച്ചത്. ഇല്ല, അവര്‍ ഒരിക്കലും ഒരാളെയും പേടിപ്പിചിട്ടില്ല. എന്നിട്ടും ഞങ്ങള്‍ കുട്ടികള്‍ അവരെ ഭയന്നു. കിട്ടിയ തുണികളൊക്കെ വാരിച്ചുറ്റി ചുവന്ന റിബണ്‍ കൊണ്ട് വെള്ളതലമുടി നെറുകയില്‍ കെട്ടിവെച് ഒരു കൈയില്‍ മുട്ടന്‍വടിയും മറുകൈയില്‍ തൂക്കുപാത്രവുമായി ആരെയോ പ്രാകി നടന്നു വരുന്ന കോട്ടപ്രാന്തിയെ ഞാന്‍ എപ്പോഴോ മറന്നുപോയിരുന്നു. തിരിഞ്ഞു നോക്കി പച്ചതെറി ഉറക്കെ വിളിച്ചു പറഞ്ഞാണ് വഴിനടത്തം. ചില ദിവസങ്ങളില്‍ ഒച്ചയും ബഹളവുമില്ലാതെ പെട്ടെന്ന് ജനാലയ്ക്കല്‍ അവരുടെ രൂപം പ്രത്യക്ഷപ്പെടും. കുട്ടികളെ നോക്കി നിഷ്കളങ്കമായി ചിരിക്കും. 'അയ്യോ കോട്ടപ്രാന്തി' എന്ന് പറഞ്ഞു ഞങ്ങള്‍ അകത്തേക്ക് ഓടിയൊളിക്കും. 'പ്രാന്തി' എന്ന് അവര്‍ കേട്ടാല്‍ പിന്നെ തെറിയഭിഷേകം. അമ്മ പലപ്പോഴും താക്കീത് തന്നിട്ടുന്ടെങ്കിലും ഞങ്ങളുടെ വിളി നിര്‍ബാധം തുടര്‍ന്നു. തെറി വിളിയും.

ഇന്നതു വേണമെന്നില്ല. ഒന്നുകില്‍ ഭക്ഷണം. ചായ. വസ്ത്രം. എന്ത് കിട്ടിയാലും സന്തോഷത്തോടെ സ്വീകരിക്കും. ഒന്നും കിട്ടിയില്ലെങ്കില്‍ തെറിവിളി. ഇത് കേട്ട് മടുത്ത് അമ്മ അവസാനം ദാനം നിര്‍ത്തി. പിന്നെ വീട്ടിനു മുന്നിലൂടെ പോകുമ്പോഴെല്ലാം തെറി തന്നെ.

പക്ഷെ അഛ്ചനെ അവര്ക്ക് വലിയ ഇഷ്ടമായിരുന്നു. അഛ്ചന്‍ വീട്ടിലുള്ളപ്പോള്‍ അവര്‍ വെറുതെ നാണിച്ചു ചിരിച്ചു നിന്നു. അഛ്ചന്‍ അവരെ 'സുന്ദരി' എന്നു മാത്രമേ വിളിച്ചിരുന്നുള്ളു. ടിപ്പുവിന്റെ കോട്ടയില്‍ അന്തിയുറങ്ങുന്നതു കൊണ്ട് "കോട്ട സുന്ദരി' എന്നും. അവരുടെ പേര് 'സുന്ദരി' എന്നാണെന്ന് അച്ഛന്‍ പറഞ്ഞു. ഏതോ സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് ഉറപ്പിച്ചു പറയുമായിരുന്നു. അവരെ അങ്ങനെ മറ്റാരും വിളിച്ചു കേട്ടിടില്ല. പിന്നീടെപ്പോഴോ അവരുടെ വരവ് നിന്നു. ആരുമറിഞ്ഞില്ല.
വര്‍ഷമെത്രയോ കഴിഞ്ഞു. ഒന്ന് ഉറപ്പിച്ചു പറയാം. വെള്ളാരംകണ്ണിലേക്ക് നോക്കുന്നത് പളുങ്ക് ഗോട്ടിയിലേക്ക് നോക്കും പോലെയാണെന്ന് ആദ്യം തോന്നിപ്പിച്ചത് കോട്ടപ്രാന്തിയാണ്. ഓരോ ചാരകണ്ണിലും അനേകം ലോകം ഒളിപ്പിചിട്ടുന്ടെന്ന തോന്നലുണ്ടാക്കിയതും അവര്‍ തന്നെ.

ഒരു കാര്യം കൂടി പറയാതെ വയ്യ. ഇത്രയേറെ സുന്ദരിയായ മറ്റൊരു ഭ്രാന്തിയെയും ഞാന്‍ ജീവിതത്തിലിന്നുവരെ കണ്ടിട്ടില്ല.

Monday, May 9, 2011

കോട്ടമൈതാനമ്

സിവില്‍ സ്റ്റേഷനു മുന്നിലെ കുന്നുകയറി മുള്ളു കോറിയ കാലുകലുമായി ഞങ്ങള്‍ എത്രയോ ഇവിടെ ഓടിക്കളിച്ചിരിക്കുന്നു. ഈ കോട്ടക്ക് അന്നും പേരുണ്ടായിരിക്കണമ്. ഞങ്ങള്ക്കത് ഞങ്ങടെ കോട്ടയായിരുന്നു. ആനയെക്കൊണ്ട് തുറപ്പിക്കുന്ന, ചിതലെടുത്തു തുടങ്ങിയ വാതിലുകളുള്ള കോട്ട. വാപൊളിച്ചു നോക്കിനിന്നിട്ടുള്ള വലിയ വാതിലുകള്, കൊത്താളങ്ങള്. ഒളിച്ചു കളിക്കാനും ഓടിക്കളിക്കാനുമുള്ള ഒരു വെറും ഇടം . കൊത്തളങ്ങളൊക്കെ വീട്ടകത്തെ മുറി പോലെ സുപരിചിതം .
അന്നെനിക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല. എന്റെ അച്ചനും അമ്മയും പറഞ്ഞത് ഞാനും വിശ്വസിച്ചു എന്നു മാത്രം . വയസ്സ് നാലോ അഞ്ചോ ആയിരിക്കണം . അടുത്ത വീട്ടിലെ പപ്പിനിച്ചേച്ചിയുടെയും (പദ്മിനിച്ചേച്ചി) ലതച്ചേച്ചിയുടെയും ഗിരിജച്ചേച്ചിയുടെയും ഒക്കത്തിരുന്ന് അമ്ബലങ്ങളില്‍ പോയിരുന്നത് എനിക്ക് ഓറ്മകള്‍ തുടങ്ങുന്നതിനും മുന്പാണ്. പിന്നെ പള്ളിയില്‍ പോയി തുടങ്ങി. അപ്പോഴെക്കും ഞാന്‍ മതത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. പൊട്ടു തൊട്ടവരും തൊടാത്തവരും . തട്ടമിടുന്ന സ്ത്രീകള്‍ അന്ന് അത്ര വ്യാപകമായുരുന്നില്ല. ക്രിസ്തുവിന്റെ പിന്‍ ഗാമികള്‍ ഞങ്ങളുടെ നാട്ടില്‍ എണ്ണീയെടുക്കാന്‍ മത്രമെ ഉന്ടായിരുന്നുള്ളു.
പറഞ്ഞുവന്നത് ജാതിയെയും മതത്തെയും പറ്റിയല്ല. എന്റെ നാടിനെക്കുറിച്ചു മാത്രമാണ്. ഞാന്‍ ഓടിക്കളിച്ചിരുന്ന പഴയ നാട്ടുവഴികളിലൂടെ ഞാന്‍ അടുത്തിടെ ഒരു ഒളിച്ചുകളി നടത്തി. എനിക്ക് വിലക്ക് കല്പിച്ച നാട്ടിലേക്ക് ആരുമറിയാതെ ഒരു രഹസ്യയാത്ര. നടന്നത് ടിപ്പുവിന്റെ കോട്ടയിലൂടെയാണ്. പഴയ കല്ലും മുള്ളും നിറഞ്ഞ കുറ്റിക്കാട്ടിനകത്തെ കോട്ടയല്ല ഇപ്പോഴത്. വെട്ടിത്തെളിച്ച് നടവഴിയും പുല്മൈതാനിയുമായി വിനോദ സന്ചാരികളെ മാടി വിളിക്കുന്ന കോട്ട.
അകത്തു കടന്നപ്പോള്‍ സത്യം പറയട്ടെ, ഞാന്‍ ഞെട്ടിപ്പോയി. എന്റെ കോട്ടയുടെ അകത്ത് പന്ടു ഞാന്‍ ഒരു അമ്ബലവും കണ്ടിറ്റില്ല. കല്ച്ചുമരില്‍ ഹനുമാന്റെ രൂപം കൊത്തിവെച്ചിരുന്നു. അവിടെ വൈകുന്നേരങ്ങളില്‍ ചെരാത് കത്തിച്ചു വെക്കുമായിരുന്നു. ഇപ്പോള്‍ ആ ഭാഗമാകെ അമ്ബലമാണ്. ഞാന്‍ തൊട്ടറിഞ ആ ദൈവം ഇന്ന് കോവിലിലാണ്, സ്പര്ശിച്ചറിയാനാകാത്ത അകലത്തിലാണ്. ഓറ്മകളില്‍ നഷ്ടം തിരഞ്ഞു നടക്കുമ്ബോള്‍ അമ്ബലനടയില്‍ നിന്നൊരാള്‍ ഇരങ്ങി വന്ന് എന്നെ വഴക്കു പറഞ്ഞു. തൊഴുതിട്ട് വേഗം സ്തലം വിടനമത്രെ. അവിടെ അങനെ ചുറ്റിത്തിരിയരുത് എന്ന്. എന്റെ വീട്ടില്‍ നിന്ന് എന്നെ ഇറക്കി വിടും പോലെ ഒന്ന് ചങ്കു പിടച്ചു. കരയാതെ ബഹളം വെക്കാതെ ഞാന്‍ കോട്ടവാതില്ക്കലേക്ക് നടന്നു.
ഇപ്പോല്‍ മനസ്സിലായി, എന്റെ ഭ്രഷ്ട്ട് പൂറ്ത്തിയായിരിക്കുന്നു.