Thursday, May 26, 2011

ഒരു ദിനാദ്യക്കുറിപ്പ്

വാര്‍ക്കാന്‍ വെച്ച അരിക്കലത്തില്‍ നിന്ന് തെറിച്ചു വീണ ഒരു വറ്റ് അവളോട് ചോദിച്ചു, "എന്തേ ഇപ്പൊ എഴുത്തൊന്നൂല്യേ?" വന്ന ദേഷ്യം പല്ലുകള്‍ക്കിടയില്‍ കടിച്ചമര്‍ത്തി അവള്‍ പറഞ്ഞു. "ഉവ്വല്ലോ. ദേ, ഇപ്പഴും കൂടി ഒരു കവിത എഴുതിയതാ. പക്ഷെ അത് ബാക്കി ചോറിന്റെ കൂടെ വെന്തുപോയി. വിളമ്പുമ്പോ ആര്‍ക്കൊക്കെയാണവോ ആ കവിതേടെ കഷണങ്ങള്‍ കിട്ടാ? ദഹിക്കുമോ ആവോ?"
അപ്പോള്‍ ചോറിന്‍ വറ്റ് പറഞ്ഞു: "ഉവ്വോ? ഞാനറിഞ്ഞില്ല. ഞാന്‍ മുകളില്‍ കിടന്നു തിളച്ചതോണ്ട് അടിയില്‍ നടന്നതൊന്നും അറിഞ്ഞില്ല. കൂടുതല്‍ വര്‍ത്തമാനത്തിനു നില്ക്കാതെ അവള്‍ ആ വറ്റിനെ അടുക്കളയുടെ ജനാലയിലൂടെ പുറത്തേക്ക് ഒറ്റയേറ്വെച്ചുകൊടുത്തു. "അവിടെ കിടക്ക്. നിന്റെയൊരു കവിത!"
അരി വാര്‍ക്കാന്‍ വെച്ചപ്പോഴേക്കും ഇഡ്ഡലിപ്പാത്രത്തില്‍ നിന്ന് കുമുകുമാന്ന് ആവി പൊങ്ങി. ഗ്യാസ് ഓഫ് ചെയ്ത് ഇഡ്ഡലിത്തട്ടുകള്‍ നിരത്തി വെച്ച് അവള്‍ പരന്ന സ്പൂണ്‍ എടുക്കാന്‍ പോയി. ഈ തക്കത്തിന് ഒരു ഇഡ്ഡലിക്ക് കണ്ണും മൂക്കും വായുമുണ്ടായി. സ്പൂണ്‍ കൊണ്ട് തോണ്ടിയെടുത്ത് ഇഡ്ഡലികള്‍ കാസറോളിലേക്ക് സ്ഥലം മാറ്റം കൊടുക്കുമ്ബോള്‍ വിരുതന്‍ ഇഡ്ഡലിയുടെ ചൊദ്യം : "എന്താ മുഖത്തൊരു കലിപ്പ്? കവിത ഉള്ളില്‍ കിടന്ന് വിങ്ങാ? ആര്‍ക്കെതിരെയാ ഇന്നത്തെ കവിത? ഭര്‍ത്താവിനോ ഓഫീസര്‍ക്കോ പുരുഷവര്‍ഗത്തിനോ അതോ സമൂഹത്തിനാകെയോ?" മറുപടി പറയാതെ നിഷ്കരുണം തോണ്ടിയെടുത്ത് കാസറോളിനകത്താക്കി അടച്ച് ശ്വാസം മുട്ടിച്ചു. "ആ അഹങ്കാരി ഇഡ്ഡലി അമ്മയിയമ്മയ്ക്ക് തന്നെ കിട്ടണേ" എന്നവള്‍ മനസ്സില്‍ പ്രാര്‍ഥിച്ചു.
പതിവ് പുച്ഛത്തോടെ അടുക്കളയിലെ ക്ളോക്ക് എട്ടടിച്ചു. "ഇന്നും നീയെന്നേക്കാള്‍ പിറകിലാണ്" എന്നൊരു ഭാവം. "ജയിച്ചോ ജയിച്ചോ. എന്നെങ്കിലുമൊരിക്കല്‍ ഞാനും ജയിക്കുമെന്ന്" അവളും . വെല്ലുവിളിക്ക് ആത്മവിശ്വാസം തീരെയില്ലെന്ന് ക്ളോക്കിനു പോലും മനസ്സിലായി. അവള്‍ അറിയാത്ത ഭാവം നടിച്ചു.
 ഫ്രിഡ്ജില്‍ നിന്നെടുത്ത തോരനോട് മരവിപ്പ് മാറും മുന്പെ അവള്‍ പറഞ്ഞു: "കിന്നാരം പറയാന്‍ നില്ക്കണ്ട. എനിക്ക് തീരെ സമയമില്ല." അടുപ്പിലിരുന്ന് ചൂടാവുന്നതിനിടെ തോരന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു: "അല്ലെങ്കിപ്പിന്നെ എന്നും കൊറേ സമയമുള്ളതു പോലെ."
ചൊറിഞ്ഞു വന്നെങ്കിലും അവള്‍ പ്രകടിപ്പിക്കാന്‍ നിന്നില്ല. ഇന്ന് ഇവളേയുള്ളു രക്ഷ. പെട്ടെന്ന് ചോറ്റുപാത്രങ്ങളിലേക്ക് തള്ളിയിട്ടാല്‍ ശല്യം തീര്‍ന്നല്ലോ, പോട്ടെ.
പാല്കുക്കര്‍ "എന്നെയൊന്ന് താഴെയിറക്കൂഊഊഊഊഊഊഊ.........." എന്ന് കൂകി വിളിച്ചു. ഒപ്പം അകത്തെ മുറീയില്‍ നിന്നോരലര്ച്ചയും. രണ്ടും അരോചകം. അവള്‍ ആദ്യത്തെ അരോചകത്തിന്റെ വായടച്ചു. രണ്ടാമത്തെത് തനിയെ നിന്നു.
തിരക്കിനിടയില്‍ മോരുകറിയെ വേണ്ടത്ര പരിഗണിക്കാനയില്ല. സൌന്ദര്യബോധമില്ലാതെ ഒരുക്കിയ കുട്ടിയെപ്പോലെ നിന്നു മോരുകറി. പിണക്കം മുഖത് കാണാനുണ്ട്. കവിളില്‍ നുള്ളി "പോട്ടെടീ, നാളെ ശരിയാക്കാമെന്ന്" കണ്ണിറുക്കി കാണിച്ചു അവള്.
ബ്രഷിനോട് കിന്നാരം പറയുന്ന മോനോട് മാത്രം ക്ഷമിക്കാന്‍ അവള്ക്ക് തോന്നിയില്ല. ചന്തിക്ക് രണ്ടെണ്ണം കൊടുത്ത് ബ്രഷ് കൊണ്ട് അവന്റെ വായില്‍ 'ആ' 'ജ്ജ' എന്നെഴുതി വാകഴുകിച്ച് വെള്ളം കോരി തലയിലൊഴിച്ച് മോരുകറിപോലെയാക്കി അവന്റെ പൊതിയും കൊടുത്ത് സ്കൂള്‍ ബസ്സിലേക്ക് ഉന്തിയിട്ടു. ഇനി സ്വന്തം കാര്യം സിന്ദാബാദ്.
ബാത്ത് റൂമില്‍ കയറി ഇറങ്ങുന്നത് വരെ കണക്കു കൂട്ടല്‍ തന്നെ. ചെയ്യാന്‍ മറന്നത്, ഇന്ന് ഏറ്റെടുക്കേണ്ട മലമറിക്കലികള്‍ , ഇന്നലെ മുതല്‍ കേള്ക്കുന്ന ഉത്തരവാദിത്തമില്ലായ്മാ കഥകള്‍ പാര്‍ട്ട്‌ റ്റു, ഇനി കേള്ക്കാനിരിക്കുന്ന പതിവ് ജല്പനങ്ങള്‍ ... അങ്ങനെയങ്ങനെ...
ബെഡ് റൂമിലെ ക്ളോക്കും അവളെ പറ്റിച്ചു. ഇനി രക്ഷയില്ല. കിടക്കപ്പായില്‍ നിന്ന് കുത്തിയെണീപ്പിച്ച് രണ്ട് കിലോമീറ്റര്‍ അപ്പുറത്തെ ബസ് സ്റ്റോപ്പ് വരെ കൊണ്ടുവിടാന്‍ പറഞ്ഞേ പറ്റൂ. എണീറ്റ് മുറ്റം വരെ നടന്ന്, തിരിച്ചു വന്ന്, കുറച്ചു നേരം ഇരുന്ന്, കാപ്പി കുടിച്ച്, തല ചൊറിഞ്ഞ്, ഷറ്ട്ട് മാറ്റി, വണ്ടി സ്റ്റാറ്ട്ടാക്കി... 'ഈശ്വരാ..... എന്നാണോ ഒരു മിനിറ്റിന്റെ വില ഈ മനുഷ്യന്‍ മനസ്സിലാക്കുക?'
 കുറ്റപ്പെടുത്തലിന്റെ കീ തിരിച്ച് വണ്ടി സ്റ്റാറ്ട്ടാക്കി. ഇനി രണ്ട് കിലോമീറ്റര്‍ നീളമുള്ള പരാതി. "കുറച്ച് നേരത്തേ എഴുന്നേറ്റാല്‍ എന്താ കുഴപ്പം ? പാതിരാത്രി വരെ വെറുതെ കുത്തിപ്പിടിച്ചിരിക്കും . രാവിലെ വൈകി എണീറ്റിട്ട് പിന്നൊരു പരക്കം പാച്ചില്‍ . ആരെ കാണിക്കാനാണാവോ? എന്നും ഇങ്ങനെ കൊണ്ടുവിടാന്‍ നിന്റെ അപ്പനല്ല പെട്രോളടിച്ച് തരുന്നത്?"
ഓടിത്തുടങ്ങിയ ബസിനെ ഓടിച്ചിട്ട് പിടിച്ച് കയറുമ്പോള്‍ തോളില്‍ നിന്ന് ഊറ്ന്നു വീണ ബാഗിനെ ഒന്ന് കയറ്റിയിട്ടു. പുതിയ ബാഗാണെയ്. "പേടിക്കണ്ടാ ട്ടോ. ഇതൊന്നും വഴക്കല്ല ട്ടോ. അവന്റെ ബൈക്കിന്റെ തന്നെ ഒരു ശബ്ദം മാത്രാ. നീ പുതിയതായതോണ്ട് നിനക്ക് വഴക്കായി തോന്നിയതാ. രണ്ടു ദിവസം കൊണ്ട് നിനക്ക് ഒക്കെ മനസ്സിലാകും ട്ടോ." ബാഗിനെ സമാധാനിപ്പിക്കുന്നതിനിടയില്‍ കിളിയുടെ കമന്റ് കേള്ക്കാനയില്ല.
എല്ലാ ശബ്ദങ്ങള്ക്കും വിട. ഇനി ഒരു മണിക്കൂര്‍ ലോകം കീഴ്മേല്‍ മറിഞ്ഞാലും അവള്ക്ക് പ്രശ്നമല്ല. പതിവ് പോലെ കിളി തട്ടിയുണറ്ത്തും വരെ സ്വപ്നം പോലും പൂക്കാത്ത ഒരു ശൂന്യത. പിന്നത്തെ കഥ. അത് പിന്നെ പറയാം . ഇപ്പൊ ങുര്‍ .... ങുര്‍ ....

6 comments:

  1. പ്രശോഭ് കളിയാക്കിയ അത്ര മോശം എന്നൊന്നും പറയാന്‍ പറ്റില്ല.
    സംഭവം ഒന്നൂടെ ആറ്റികുറുക്കി എടുക്ക്വേ വേണ്ടൂ.
    ആശംസകള്‍!

    ReplyDelete
  2. നല്ല ഭാവന..അതി രസകരമായ അവതരണം...ഒരു വലിയ ആശയമൊന്നുംകിട്ടിയില്ലെങ്കിലും വായനക്ക് നല്ല ഒഴുക്കുണ്ടായിരുന്നു...ആശംസകള്‍..പുതിയതിനായി കാത്തിരിക്കുന്നു...

    ReplyDelete
  3. കഥാരചനരീതി കൊള്ളാം.
    ഭാവനയും തരക്കേടില്ല.
    പക്ഷെ കറുത്ത ബാക്ക്ഗ്രൌണ്ടലെ വെളുത്ത അക്ഷരം വായനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
    ഫ്രിഡ്ജ് എന്നത് ഒരു ബ്രാന്‍ഡ്‌ നെയിം ആണ് refrigerator ആയിരിക്കും ഉചിതം എന്ന് തോന്നുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. njan ithuvazhi vannit ere naal ayi. marupadi ayakkan vaikiyathil paribhavamillallo. nirdeshangal sweekarikunnu. pinne fridge brand name anenn ariyanjitalla. athalle pothuvil upayogikunna vaakk. athukond angane...
      veendum varumallo

      Delete